Sunday, March 10, 2013

എയറ്പോട്ടില് നഷ്ടപ്പെട്ട ഒരു ദിവസം ജാമ്യം നീട്ടിച്ചോദിക്കാന് മഅദനി; ശക്തമായി എതിര്ക്കാന് കര്ണാടക സര്ക്കാര്

തിരുവനന്തപുരം: മകളുടെ വിവാഹത്തില് പങ്കെടുക്കുന്നതിന് കോടതി അനുവദിച്ച അഞ്ചു ദിവസത്തെ ജാമ്യത്തില് നിന്ന് ഒരു ദിവസം ബംഗളൂരു വിമാനത്താവളത്തില് നഷ്ടപ്പെട്ട അബ്ദുല് നാസര് മഅദനിക്ക് ആ ദിവസത്തിന് പകരം ഒരു ദിവസം കൂടി ജാമ്യം നീട്ടി നല്കണം എന്നപേക്ഷിക്കാന് മഅദനിയുടെ അഭിഭാഷകനും എതിര്ക്കാന് കര്ണാടക സര്ക്കാരും ഒരുങ്ങുന്നു.

  13നാണ് അദ്ദേഹത്തിന്റെ ജാമ്യ കാലാവധി അവസാനിക്കുന്നത്. 11ന് തിങ്കളാഴ്ച പുതിയ ഹര്ജി നല്കാനാണ് നീക്കം. മഅദനിയുടെ അഭിഭാഷകന് ഉസ്മാന് ആയിരിക്കും ഹര്ജി നല്കുക. മഅദനിയുടെ മകളുടെ വിവാഹത്തില് പങ്കെടുക്കാന് ബംഗളൂരുവില് നിന്ന് എത്തുന്ന അഡ്വ. ഉസ്മാന് തിങ്കളാഴ്ച രാവിലെ അവിടെ തിരിച്ചെത്തും.

മഅദനിയുടെ ഒപ്പം യാത്ര ചെയ്യുന്ന പോലീസുകാര്ക്ക് ആയുധവുമായി വിമാനത്തില് സഞ്ചരിക്കാന് ആവശ്യമായ രേഖകള് നല്കാതെ മഅദനിയുടെ യാത്ര വൈകിപ്പിച്ച കര്ണാടക പോലീസിന്റെ നടപടിയെ കുറ്റപ്പെടുത്തി ക്കൊണ്ടുകൂടിയായിരിക്കും ഹര്ജി. ഇത് സംബന്ധിച്ച സൂചന ലഭിച്ച കര്ണാടക സര്ക്കാര്, ജാമ്യം നീട്ടി നല്കുന്നതിനെ എതിര്ക്കാന് ഒരുങ്ങുകയാണ്. 

കേരള മുഖ്യമന്ത്രി ഉമ്മന് ചാണ്ടിയുടെ കത്ത് പരിഗണിച്ച് കഴിഞ്ഞ ദിവസം ജാമ്യാപേക്ഷയെ ശക്തമായി എതിര്ക്കാതിരുന്ന പ്രോസിക്യൂഷന് ഇത്തവണ ജാമ്യം നീട്ടി നല്കരുതെന്ന് ശക്തമായി വാദിക്കും. കര്ണാടക ബി.ജെ.പി കേന്ദ്രങ്ങളില് നിന്നാണ് ഈ സൂചന ലഭിക്കുന്നത്. അതുകൊണ്ടുതന്നെ, കര്ണാടക പോലീസിനെ കുറ്റപ്പെടുത്തി മഅദനിക്ക് ഒരു ദിവസം പോലും ജാമ്യം നീട്ടി നല്കുന്നത് രാഷ്ട്രീയമായും സംഘപരിവാര് എതിര്ക്കുന്നുവെന്ന് വ്യക്തം.

ജാമ്യം നീട്ടി നല്കണം എന്ന് കേരള മുഖ്യമന്ത്രിയോ മറ്റു രാഷ്ട്രീയ കേന്ദ്രങ്ങളോ കര്ണാടക മുഖ്യമന്ത്രിയോട് മുമ്പത്തെപ്പോലെ ആവശ്യപ്പെടും എന്ന് പി.ഡി.പി കേന്ദ്രങ്ങള്ക്ക് പ്രതീക്ഷയില്ല. മകളുടെ വിവാഹത്തില് പങ്കെടുക്കാന് ജാമ്യം നല്കണം എന്നാവശ്യപ്പെട്ട് ജഗ്ദീഷ് ഷെട്ടാറിന് കത്തെഴുതിയ ഉമ്മന് ചാണ്ടിയോട് ഒരു ദിവസത്തേക്കു കൂടി ജാമ്യം നീട്ടിക്കിട്ടാന് ഇടപെടണം എന്നാവശ്യപ്പെടാന് മഅദനിക്കും മടിയുണ്ട് എന്നാണ് അദ്ദേഹവുമായി അടുത്ത കേന്ദ്രങ്ങള് പറയുന്നത്. അതുകൊണ്ടുതന്നെ, കോടതിയെ കാര്യം ബോധിപ്പിക്കുകയും അതിലൂടെ ജാമ്യത്തിനു ശ്രമിക്കുകയും ചെയ്യുന്നതാണ് നല്ലതെന്നാണ് അദ്ദേഹം അഭിഭാഷകനോടു നിര്ദേശിച്ചിരിക്കുന്നത്.

യാത്രാ രേഖകള് നല്കുന്നതില് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചമൂലം നഷ്ടപ്പെട്ട ദിവസം വകവച്ചു നല്കാന് സ്വാഭാവികമായും കോടതി തയ്യാറാകും എന്ന മഅദനിയുടെ പ്രതീക്ഷയ്ക്ക് മങ്ങലേല്പിച്ചുകൊണ്ടാണ് പ്രോസിക്യൂഷന് ശക്തമായി എതിര്ക്കാന് ഒരുങ്ങുന്നത്. അതിനിടെ, മഅദനി നേരിട്ട് ആവശ്യപ്പെട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ ബന്ധുക്കളും പാര്ട്ടിക്കാരും മഅദനി ജസ്റ്റിസ് ഫോറവും മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും ബന്ധപ്പെട്ട്, ഇക്കാര്യത്തില് ഇടപെടണം എന്ന് അഭ്യര്ത്ഥിക്കും എന്ന് അറിയുന്നു.

മഅദനിയുടെ മകള് ഷമീറ ജൗഹറിന്റെ വിവാഹത്തില് പങ്കെടുക്കാനാണ് രണ്ടര വര്ഷത്തെ ജയില്വാസത്തിനു ശേഷം താല്ക്കാലികമായി അദ്ദേഹം കേരളത്തിലെത്തിയിരിക്കുന്നത്.