Monday, March 11, 2013

തന്നെ തീവ്രവാദിയായി മുദ്ര കുത്തുന്നു; പ്രാര്ത്ഥനക്കിടെ മഅ്ദനി പൊട്ടിക്കരഞ്ഞു...

കോട്ടയം: രണ്ടര വര്ഷങ്ങള്ക്കു ശേഷം അന്വാര്ശേരിയിലെത്തിയ അബ്ദുന്നാസിര് മഅ്ദനി പ്രാര്ത്ഥനക്കിടെ പൊട്ടിക്കരഞ്ഞു. താന് നിരപരാധിയാണെന്നും തീവ്രവാദിയായി തന്നെ മുദ്ര കുത്തുകയാണെന്നും അദ്ദേഹം പ്രാര്ത്ഥനയില് പറഞ്ഞു. രോഗാവസ്ഥയിലുള്ള പിതാവിനെയും മാതാവിനെയും സന്ദര്ശിക്കാന് ഉച്ചയ്ക്ക് 12.30ഓടെയാണ് മഅ്ദനി സ്വദേശമായ അന്വാര്ശേരിയിലെത്തിയത്. വലിയ ജനക്കൂട്ടമാണ് വിവിധഭാഗങ്ങളില് നിന്നും മഅദനിയെ കാണാന് ഇവിടെ എത്തിയത്. ഷാള് അണിയിച്ച് സ്വീകരിച്ച മഅദനിയെ ദഫ് മുട്ടോടു കൂടിയാണ് യതീംഖാനയുടെ ഉള്ളിലേക്ക് കൊണ്ടുപോയത്. അന്വാര്ശേരിയില് അദ്ദേഹം സ്ഥിരമായി താമസിക്കാറുണ്ടായിരുന്ന രണ്ടാം നമ്പര് മുറിയിലേക്കാണ് അദ്ദേഹത്തെ എത്തിച്ചത്. അവിടെ പിതാവും മാതാവും അദ്ദേഹത്തെ കാത്തിരിക്കുന്നുണ്ടായിരുന്നു.

മഅ്ദനിയെ കാണാനെത്തുന്നവരുടെ തിരക്ക് നിയന്ത്രണാതീതമാകുമെന്നതിനാല് കുടുംബ വീടായ തോട്ടുവാല് മന്സിലില് എത്തി മാതാപിതാക്കളെ സന്ദര്ശിക്കുന്നത് ഒഴിവാക്കുകയായിരുന്നു. വികാരനിര്ഭരമായിരുന്നു മൂത്തമകനും മാതാപിതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച. തുടര്ന്ന് സമീപത്തെ പള്ളിയിലേക്ക് പ്രാര്ത്ഥനയ്ക്കായി പോയി. നമസ്കാരത്തിനു ശേഷം പ്രാര്ത്ഥനയിലാണ് മഅ്ദനി പൊട്ടിക്കരഞ്ഞത്. മഅ്ദനിക്കൊപ്പം നമസ്കരിക്കാന് നിരവധി പേരാണ് എത്തിയിരുന്നത്.

അന്വാര്ശേരിയില് നിന്നും മഅ്ദനിയെ അസീസിയ മെഡിക്കല് കോളേജിലേക്ക് കൊണ്ടുപോകും. ചൊവ്വാഴ്ച അദ്ദേഹം ചികിത്സയില് കഴിയും. ബുധനാഴ്ച ബംഗളൂരുവിലേക്ക് തിരിച്ചു പോകും.