Thursday, March 28, 2013

നിസ്കാരവും ആരോഗ്യവും ...

നിസ്കാരവും ആരോഗ്യവും
-ഡോ. യു കെ മുഹമ്മദ് ശരീഫ്

ശാരീരിക ഗുണങ്ങള് ആന്തരീകമായ ചൈതന്യത്തിനൊപ്പം ശാരീരികാരോഗ്യത്തിനും ഏറെ സഹായകമാണ് നിസ്കാരം. ആത്യന്തിക ലക്ഷ്യം അല്ലാഹുവിന്റെ പൊരുത്തമാണെന്ന് ഉറച്ചു വിശ്വസിക്കുമ്പോള് തന്നെ നിസ്കാരം കൊണ്ട് ലഭിക്കുന്ന മാനസികവും ശാരീരികവുമായ നേട്ടങ്ങളെക്കുറിച്ചു നാം അറിഞ്ഞിരിക്കേണ്ടതുണ്ട്.

ആരോഗ്യം സംരക്ഷിക്കുന്നതിലും നശിപ്പിക്കുന്നതിലും മനസ്സിന് വലിയ പങ്കുണ്ട്. ദുഃഖവും, പ്രയാസങ്ങളും, ദുഷ്ചിന്തകളും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു.

സമൂഹം ഇന്ന് നേരിടുന്ന ഒരു പ്രധാന വെല്ലുവിളി വിഷാദ രോഗവും, ടെന്ഷനുമാണെങ്കില് നിസ്കാരം അതിന് ഫലപ്രദമായ ചികിത്സയാണ്. ജീവിതവും, മരണവും പടച്ച റബ്ബിന് സമര്പ്പിച്ചു കൊണ്ട്, അചഞ്ചല വിശ്വാസത്തോടെ നിര്വഹിക്കുന്ന നിസ്കാരം ആരോഗ്യശാസ്ത്രത്തില് അത്ഭുതാവഹമായ ഫലമുളവാക്കുന്നതാണ്. ദുഃഖങ്ങളും പ്രയാസങ്ങളും അല്ലാഹുവിലര്പ്പിച്ചു നിസ്കരിക്കുമ്പോള് മനസ്സ് ശാന്തമാകുന്നു.

അതിരാവിലെ എഴുനേറ്റ്, ‘അല്ലാഹുവാണ് വലിയവന്’ എന്നാവര്ത്തിച്ചു പ്രഖ്യാപിച്ചു കൊണ്ട്, അവന് മുമ്പില് തല കുനിക്കുന്നവന് അഹങ്കരിക്കാന് സാധിക്കില്ല.

വ്യത്യസ്ഥ വ്യവഹാരങ്ങളാല് ദുരയും അസൂയയും പിടികൂടുമ്പേഴേക്കും നിസ്കാരത്തിന്റെ വിളി വരികയും, അല്ലാഹുവിന്റെ മുമ്പില് തല കുനിച്ചു ‘നീയാണ് വലിയവന്, ഞാനൊന്നുമല്ല’ എന്ന് വീണ്ടും സമ്മതിക്കുകയും ചെയ്യുന്നു.

അങ്ങനെ ആരോഗ്യത്തെ ഹാനികരമായി ബാധിക്കുന്ന എല്ലാ ദുഷ്ചിന്തകളെയും നിസ്കാരം പ്രതിരോധിക്കുന്നു.

1. വൃത്തി അഞ്ച് നേരവും അശുദ്ധികളില് നിന്ന് പൂര്ണ്ണമായി മുക്തമായാണ് നിസ്കാരത്തില് പ്രവേശിക്കുന്നത്. ശരീരവും പരിസരവും ശുചീകരിക്കപ്പെടുമ്പോള് മലിനീകരണം കൊണ്ടുള്ള രോഗങ്ങള് തടയപ്പെടുന്നു. വിനാശകരമായ പകര്ച്ച വ്യാധികള്ക്കു, അഞ്ച് നേരത്തെ ശരിയായ ശുദ്ധീകരണത്തോടെയുള്ള നിസ്കാരം പരിഹാരമാണ്. മഞ്ഞപ്പിത്തം, ഇന്ഫ്ളുവന്സ്, ചിക്കുന്ഗുനിയ തുടങ്ങിയ പരിസര ജന്യ രോഗങ്ങളില് നിന്നു ഈ വിധം നിസ്കാരം പരിരക്ഷ നല്കുന്നു. നിസ്കാരത്തിന്റെ മുന്നോടിയായുള്ള വുളുവിന്റെ ഭാഗമായി മൂക്കില് വെള്ളം കയറ്റി ചീറ്റുന്നതിലൂടെ, അന്തരീക്ഷ വായുവില് നിന്ന് ശ്വസനത്തിലൂടെ മൂക്കില് അടിഞ്ഞു കൂടുന്ന പൊടിപടലങ്ങള് പുറത്ത് പോവുകയും, അലര്ജി രോഗങ്ങളെ തടയുകയും ചെയ്യുന്നു. മിസ്വാക്ക് (ദന്തശുദ്ധീകരണം) ചെയ്യുന്നതിലൂടെ പല്ലിന്റെ ആരോഗ്യം സംരക്ഷിക്കാനാകും. ‘വുളു’വിന് വെള്ളം എല്ലായിടത്തും എത്തിയിരിക്കണമെന്ന് നിബന്ധനയുള്ളതിനാല് നഖം വെട്ടുകയും അഴുക്കുകള് നീക്കുകയും ചയ്യുകയും ഇത് ശാരീരികാരോഗ്യത്തെ സഹായിക്കുകയും ചെയ്യുന്നു.

2. സമയനിഷ്ഠ ചിന്തകള് ആരോഗ്യത്തെ സ്വാധീനിക്കുന്നത് പോലെ തന്നെ സമയ നിഷ്ഠയും സ്വാധീനിക്കുന്നുണ്ട്. ‘സമയബന്ധിതമായി നിസ്കാരം നിര്ബന്ധമാക്കപ്പെട്ടു’വെന്നാണ് ഖുര്ആനിക പ്രഖ്യാപനം.നിസ്കാരം കൃത്യമായി നിര്വഹിക്കുന്നവന് ജീവിതത്തില് ചിട്ട പാലിക്കാനും വ്യക്തിത്വം വികസിപ്പിക്കാനും സാധിക്കുന്നു. കൃത്യമായി ചെയ്യേണ്ട കാര്യങ്ങള് അലസമായി നീട്ടി വെക്കുക വഴി മാനസിക നൈരാശ്യവും ശാരീരിക ക്ഷീണവും ഉളവാകുന്നതില് നിന്ന് നിസ്കാരം പ്രതിരോധിക്കുകയാണിവിടെ.

3. ശാരീരിക ചലനങ്ങള് ശാരീരിക ചലനങ്ങളുടെയും വ്യായാമങ്ങളുടെയും അഭാവം ആരോഗ്യ രംഗത്തെ വലിയ വെല്ലുവിളിയായി മാറിയിരിക്കയാണ്.ശരീരത്തിന്റെ മുഴുവന് സന്ധികള്ക്കും പേശികള്ക്കും ചലനം ആവശ്യമാണ്. സന്ധികള് നിഷ്ക്രിയമാകുമ്പോള് നീര് അടിഞ്ഞു കൂടുകയും ചലനങ്ങള്ക്കു പ്രയാസമനുഭവപ്പെടുകയും ചെയ്യുന്നു. സാങ്കേതിക പുരോഗതിയുടെ ഭാഗമായി അടുക്കളകളില് വരെ യന്ത്രങ്ങള് ആധിപത്യം സ്ഥാപിച്ചതിനാല് നടത്തവും, ശാരീരിക ചലനങ്ങളും മുന്കാലങ്ങളെ അപേക്ഷിച്ചു ഇന്ന് വളരെ കുറവാണ്. ഇത് രക്തധമനികളില് കൊഴുപ്പ് അടിഞ്ഞു കൂടി രക്ത പ്രവാഹത്തിന് തടസ്സമുണ്ടാക്കാന് ഇടയാക്കുന്നു. തടസ്സം ഹൃദയ ധമനികളിലാകുമ്പോള് ഹാര്ട്ട് അറ്റാക്കിന് സാധ്യതയേറുന്നു. ബ്ലഡ്ഷുഗര്, കൊളസ്റ്റോള്, യൂറിക് ആസിഡ് തുടങ്ങിയ വിവിധ പേരുകളില് ശരീരത്തില് രൂപപ്പെട്ടു വരുന്ന രോഗങ്ങള്ക്കു വ്യായാമമാണ് ഏറ്റവും ഫലപ്രദമായ മരുന്ന്. വ്യായാമം കൂടാതെ മരുന്ന് മാത്രം കഴിക്കുകയാണെങ്കില്, ആ രോഗങ്ങള് സൂഖപ്പെടില്ലെന്നു മാത്രമല്ല, തുടരെ തുടരെ ഡോസ് വര്ധിപ്പിക്കേണ്ടതായും വരും. ഇതിന് പരിഹാരമായാണ് നിത്യേനയുള്ള നടത്തവും, യോഗ മുറകളും, അഭ്യാസങ്ങളും ഡോക്ടര്മാര് നിര്ദേശിക്കുന്നത്. ചിട്ടയോടു കൂടി വ്യായാമം ചെയ്യുകയാണെങ്കില് പ്രമേഹ രോഗത്തിനുള്ള മരുന്ന് സേവ നിര്ത്താനാകുമെന്ന് ആരോഗ്യ ശാസ്ത്രം തെളിയിച്ചിട്ടുണ്ട്. ഇവിടെയാണ് നിസ്കാരത്തിന്റെ അത്ഭുതാവഹമായ കഴിവുകള് നാം മനസ്സിലാക്കേണ്ടത്. നിസ്കാരത്തില് എല്ലാ പേശികളും ചലിക്കുന്നുണ്ട്. ശാരീരികാരോഗ്യത്തിന് ഏറെ സഹായകമായ യോഗയുടെ എല്ലാ വശങ്ങളും നിസ്കാരത്തില് കടന്നു വരുന്നു. കൈ-കാല് വിരലുകള് തുടങ്ങി തലയുള്പ്പടെ നിസ്കാരമെന്ന എക്സര്സൈസില് ഉള്പ്പെടാത്ത അവയവങ്ങള് നമ്മുടെ ശരീരത്തിലില്ല. സുജൂദില് തല താഴ്ത്തി വെക്കുമ്പോള് തലച്ചോറിനാവശ്യമായ രക്തം ലഭിക്കുന്നത് നിസ്കാരത്തിന്റെ സുപ്രധാനമായൊരു ഗുണമാണ്. ഇന്ന് സര്വ സാധാരണമായി കണ്ടു വരുന്ന മുട്ട് വേദനയുടെ പ്രധാന കാരണം മുട്ട് മടക്കലിന്റെ കുറവാണ്. മുട്ട് മടക്കാനുള്ള അവസരങ്ങള് ഇന്ന് തുലോം വിരളമാണല്ലോ. അടുക്കളയില് ഗ്യാസും, നിന്നടുപ്പും, മിക്സിയുമുള്ളതിനാല് സ്ത്രീകളടക്കം എല്ലാ ജോലിയും നിന്നാണ് ചെയ്യുന്നത്. ഭക്ഷണം മേശയിലും, ടോയ്ലറ്റ് യൂറോപ്യനും കൂടിയാകുമ്പോള് മുട്ടിന് നീര് വരാനുള്ള സാധ്യത വര്ധിക്കുന്നു. ഡോക്ടറെ സമീപിച്ചാല്, എക്സ്റേയും, സ്കാനിംഗും എടുപ്പിച്ചു തേയ്മാനമാണെന്ന് വിധിക്കുന്നു. ഇത്തരം രോഗികളോട് മുട്ട് മടക്കല് വര്ധിപ്പിക്കാന് നിര്ദേശിച്ചാല് അത്ഭുതാവഹമായ ഫലമണ് കണ്ടു വരുന്നത്. ഇവിടെയാണ് നിസ്കാരത്തിന്റെ ആരോഗ്യകരമായ പ്രസക്തി. തവണകളായുള്ള നിസ്കാരത്തിലെ ശാരീരിക ചലനങ്ങള് മുഴുവന് സന്ധിരോഗങ്ങള്ക്കും പരിഹാരമാണ്.